
ദോഹ: ഖത്തറിലെ റൗദത്ത് അൽ ഹമാമ പാർക്കിൽ മനോഹരമായ ‘ഗാർഡൻ ഓഫ് ലെറ്റേഴ്സ്’ (Garden of Letters) ചുമർചിത്രം പൂർത്തിയായി. നഗരസഭ മന്ത്രാലയം, ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ (കഹ്റമ) എന്നിവരുമായി സഹകരിച്ച് പൊതുമരാമത്ത് വകുപ്പായ ‘അശ്ഗാൽ’ ആണ് ഈ പദ്ധതി നടപ്പിലാക്കിയത്.
അറബിക് കാലിഗ്രാഫിയുടെ (അക്ഷരകല) തനിമയും ഹരിതാഭമായ പ്രകൃതിഭംഗിയും സമന്വയിപ്പിക്കുന്നതാണ് ഈ കലാസൃഷ്ടി. പാർക്കിനുള്ളിൽ സവിശേഷമായ ഒരു സാംസ്കാരിക അന്തരീക്ഷം ഒരുക്കാൻ ഇതിലൂടെ സാധിച്ചിട്ടുണ്ട്. പ്രശസ്ത വിഷ്വൽ ആർട്ടിസ്റ്റും കാലിഗ്രാഫറുമായ സ്വാലിഹ് അഹമ്മദ് അൽ ഉബൈദ്ലിയാണ് ഈ മനോഹരമായ ചുമർചിത്രം രൂപകൽപ്പന ചെയ്തത്.
540 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന ഈ ചുവർചിത്രം, പാർക്കിന്റെ മതിലിനെ ഊർജ്ജസ്വലവും ആകർഷകവുമായ ഒരു സാംസ്കാരിക അടയാളമായി മാറ്റിമറിച്ചിരിക്കുകയാണ്. പാർക്കിലെത്തുന്ന സന്ദർശകർക്ക് ദൃശ്യവിരുന്നേകുന്നതോടൊപ്പം ഖത്തറിന്റെ പൊതുവിടങ്ങളെ കലയിലൂടെ മനോഹരമാക്കുക എന്ന ലക്ഷ്യവും ഈ പദ്ധതിക്ക് പിന്നിലുണ്ട്.











